ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ തൃപ്തികരം ; മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് മന്ത്രി സണ്ണി ജോസഫ്


കണ്ണൂർ :- ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച മന്ത്രി സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി. തിങ്കളാഴ്ച വിളിച്ച ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചത്. ജില്ലയിൽ മഴക്കാലത്ത് അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും കളക്ടർ പി.വിഷ്ണുരാജ് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തി. ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ചർച്ചചെയ്തു.

അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കുന്ന കാര്യം മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. ആപത്കരമെന്ന് ഇതുവരെ ട്രീ കമ്മിറ്റി കണ്ടെത്തിയ എല്ലാ മരങ്ങളും മുറിച്ചതായി തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടി അടങ്ങുന്ന ട്രീ കമ്മിറ്റിയാണ് മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഇതുവരെ ജില്ലയിൽ 1726 ശുചീകരണ പ്രവൃത്തികൾ നടത്തി. ഇതിൽ 1557 പൊതുസ്ഥലങ്ങളാണ്. 104 ഹോട്ട്സ്പോട്ടുകൾ വൃത്തിയാക്കി. 313.05 ടൺ മാലിന്യം നീക്കം ചെയ്തു. തോടുകൾ, നീർച്ചാലുകൾ, ഓടകൾ എന്നിവ ചേർന്ന് 914.31 കിലോമീറ്റർ വൃത്തിയാക്കി. 2,50,273 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 507 കുളങ്ങൾ വൃത്തിയാക്കി.

Previous Post Next Post