കണ്ണൂർ :- കൊട്ടിയൂർ തീർഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മൂന്നു ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി അധിക സർവീസ് ഏർപ്പെടുത്തി. പതിവ് സർവീസുകൾക്കു പുറമേയാണിത്. വരുമാനം തീരെ കുറവുള്ള സർവീസുകൾ അടുത്തദിവസം മുതൽ തന്നെ കൊട്ടിയൂരിലേക്ക് മാറ്റി തീർഥാടകരെ സഹായിക്കാനും അധികൃതർ ശ്രമമാരംഭിച്ചു. കട്ടപ്പുറത്തിരിക്കുന്ന ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇരിട്ടി വഴിയുള്ള മാനന്തവാടി ബസുകളും തീർഥാടകർക്കു പ്രയോജനപ്പെടുത്താം. 24 വരെ നടക്കുന്ന വൈശാഖോത്സവത്തിന് ഓർഡിനറി ബസുകൾ സ്പെഷൽ സർവീസിനായി നൽകണമെന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാർക്കു മെയ്റ്റനൻസ് ആൻഡ് വർക്സ‌് മാനേജർ നിർദേശം നൽകി.
25 ബസുകളാണ് തലശ്ശേരി ഡിപ്പോയിൽ നിന്ന് കൂടുതലായി കൊട്ടിയൂരിലേക്കുള്ളത്. രാവിലെ മുതൽ തന്നെ ഇവിടെ നിന്ന് സർവീസ് ഉണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് സർവീസിന്റെ സമയക്രമം. വരും ദിവസങ്ങളിൽ സമീപ ജില്ലയിൽ നിന്നുള്ള ബസുകൾ ഉപയോഗിച്ച് സർവീസുകൾ നടത്താനും നീക്കമുണ്ട്. ഏറ്റവും കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന ഡിപ്പോയും തലശ്ശേരിയാണ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 3,6,7,10,13,14,17,19 തീയതികളിൽ സർവീസ് ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 6 നാണ് പുറപ്പെടുക. വിവിധ ക്ഷേത്രങ്ങൾ ദർശിക്കാനും ഇതോടൊപ്പം യാത്രക്കാർക്കു സൗകര്യമൊരുക്കും. കണ്ണൂർ ഡിപ്പോയിൽ നിന്ന് 3 അധിക സർവീസ് ഉണ്ട്. രാവിലെ 6 മുതലാണ് യാത്ര പുറപ്പെടുക. തീർഥാടകരുടെ തിരക്ക് അനുസരിച്ച് ബസ് സമയം ക്രമപ്പെടുത്തും. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി 5,7,11, 14 തീയതി കളിൽ സർവീസ് ഉണ്ടാകും രാവിലെ 6.30 ന് ആണ് ബസ് പുറപ്പടുക.
