കോഴിക്കോട് :- താമരശ്ശേരി ചുരത്തിൽ വെച്ച് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു. വയനാട് കൽപ്പറ്റ സ്വദേശി ആസാദി(28)നാണ് കാലിൽ കടിയേറ്റത്. കടിയേറ്റ ഭാഗത്തെ മാംസം അടർന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് അത്യാഹിതം നടന്നത്. കൽപ്പറ്റയിൽ നിന്നും കാറിൽ ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ വരികയായിരുന്നു ആസാദ്. ഒൻപതാം വളവിൽ എത്തിയപ്പോഴാണ് റോഡിന്റെ മധ്യഭാഗത്തായി പെരുമ്പാമ്പിനെ കണ്ടത്. ഇതോടെ യുവാവ് കാർ നിർത്തി പാമ്പ് റോഡ് മുറിച്ച് കടക്കുന്നതിനായി കാത്തു നിന്നു.
ഏറെ നേരം റോഡിൽ കാത്തുകിടന്നിട്ടും പെരുമ്പാമ്പ് അനക്കമില്ലാതെ നിന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് യുവാവ് കാറിൽ നിന്നിറങ്ങി പാമ്പിനെ പിടിച്ച സമയത്താണ് കാലിൽ കടിയേറ്റത്. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി രക്ഷപ്പെട്ടു. ഉടൻ തന്നെ മറ്റ് യാത്രക്കാർ ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
