മയ്യിൽ:- വായന മാസാചരണത്തിന്റെ ഭാഗമായി വായനോല്ലാസ യാത്രയുമായി വിദ്യാർത്ഥികൾ. ചേലേരി എ.യു.പി സ്കൂൾ വിദ്യാർത്ഥികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായന മാസാചരണ പരിപാടിയോടാനുബന്ധിച്ച് മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി വായനശാലയും ഗ്രന്ഥാലയവും സന്ദർശിച്ചത്.
അക്ഷരങ്ങളുടെ ആനന്ദം നേരിട്ട് അനുഭവിക്കുന്നതിനൊപ്പം പുസ്തകങ്ങളുമായി കൂട്ടുകൂടാൻ ലഭിച്ച അവസരം കുട്ടികളെ മറ്റൊരു ലോകത്തേക്കാണ് എത്തിച്ചത്. വായനശാലയിലെ വിപുലമായ പുസ്തകശേഖരവും സംവിധാനവും കുട്ടികൾക്ക് നവ്യനുഭവമായി മാറി.
വായനശാലയുടെ പ്രവർത്തനങ്ങളും ചരിത്രവും സംബന്ധിച്ച് വായനശാല സംഘാടകരായ പി പി സതീഷ് കുമാർ, റിഷ്ണ എന്നിവർ കുട്ടികളുമായി സംവദിച്ചു. അറിവിന്റെ വിരുന്നിനൊപ്പം മധുരം കൂടി നൽകിയാണ് വായനശാല പ്രവർത്തകർ ചേലേരി എ യു പി സ്കൂളിലെ കൂട്ടുകാരെ സ്വീകരിച്ചത്. ചെറുപ്പം മുതലുള്ള വായനാശീലം ഒരു തലമുറയെ തന്നെ വെളിച്ചത്തിലേക്ക് നയിക്കുമെന്ന സന്ദേശമാണ് ഈ യാത്ര നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.സ്കൂൾ പ്രധാനാധ്യാപിക എ.അജിത ടീച്ചർ പരിപാടിയിൽ സംസാരിച്ചു.
