ഇരിട്ടി :- കാലവർഷ സുരക്ഷയുടെ ഭാഗമായി തുറന്ന പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ നീരൊഴുക്ക് കുറഞ്ഞതോടെ വീണ്ടും അടച്ചു. ജില്ലയിലേക്കുള്ള കുടിവെള്ളവിതരണത്തെ ബാധിക്കുംവിധം സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെയാണ് തുറന്ന ഷട്ടറുകൾ അടച്ച് ജലസംഭരണം തുടങ്ങിയത്. പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജൂൺ മാസം പാതി പിന്നിട്ടിട്ടും നീരൊഴുക്കിൽ വലിയ കുറവുണ്ടായിരിക്കുന്നത്. വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
ഈ മാസം നാലിനാണ് പദ്ധതിയുടെ പതിനാറ് ഷട്ടറുകളിൽ ആറെണ്ണം തുറന്ന് വേനൽക്കാലത്ത് പദ്ധതിയിൽ സംഭരിച്ച വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടത്. വൃഷ്ടിപ്രദേശങ്ങളിൽ ഇടവപ്പാതി ആരംഭിച്ചതിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. മഴ മുന്നറിയിപ്പിനെ തുടർന്ന് പഴശ്ശിയുടെ ഷട്ടർ തുറക്കുമ്പോൾ സംഭരണിയിൽ 21.02 മീറ്റർ വെള്ളം ഉണ്ടായിരുന്നു. ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും മാഹിയിലും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി സംഭരണിയിൽ പത്ത് കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
പഴശ്ശി സംഭരണിയിൽ 18 മീറ്റർ വെള്ളം ഉണ്ടെങ്കിൽ മാത്രമെ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ്ങ് സാധ്യമാകൂ. കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഷട്ടറുകൾ എല്ലാം തുറന്നാലും കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനുകളിലേക്കുള്ള വെള്ളം പദ്ധതിയിൽ ഒഴുകിയെത്തും. ഇക്കുറി മഴ പൂർണമായും മാറിനിന്നതോടെ സംഭരണിയിൽ 18 മീറ്ററിലും വെള്ളം താഴുന്ന സാഹചര്യം ഉണ്ടായതോടെയാണ് അടിയന്തരമായി ഷട്ടറുകൾ അടച്ച് വീണ്ടും സംഭരണം തുടങ്ങിയിരിക്കുന്നത്. ഷട്ടർ അടച്ച് ഒരു പകലും രാത്രിയും പിന്നിട്ടപ്പോഴും ജലനിര പ്പിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. തുറന്ന ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11-ന് അടയ്ക്കുമ്പോൾ 18 മീറ്ററോളമായിരുന്നു സംഭരണ ശേഷി. ബുധനാഴ്ച രാവിലെ 11 മണിയാകുമ്പോഴേക്കും 18.75 മീറ്ററിലേക്ക് മാത്രമാണ് ഉയർന്നത്. കാലർഷത്തിന്റെ ആരംഭത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർണ സംഭരണശേഷിയായ 26.52 മീറ്ററിൽ എത്തേണ്ടതാണ്.
2011-ൽ കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഷട്ടറുകൾ തുറക്കാൻ വൈകിയപ്പോൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പദ്ധതി പ്രദേശം നിറഞ്ഞുകവിഞ്ഞ് ഇരിട്ടി ടൗണിലും പദ്ധതിയോട് ചേർന്നുള്ള ജനവാസമേഖലയിലും വെള്ളം കയറി കോടികളുടെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കാലവർഷം ആരംഭിച്ചാൽ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ പദ്ധതിയുടെ ഒന്നോ രണ്ടോ ഷട്ടറുകൾ തുറന്ന് സംഭരണിയിലേക്ക് അധികമായി എത്തുന്ന വെള്ളം വളപട്ടണം പുഴയിലേത്ത് ഒഴുക്കി വിടുകയായിരുന്നു പതിവ്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട മഴപോലും പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ചിട്ടില്ല. ബാരാപോൾ, ബാവലിപുഴകളിൽ നിന്നും ചെറു നീരുറവകളിൽ നിന്നുമുള്ള വെള്ളമാണ് പഴശ്ശിയെ സമ്പന്നമാക്കുന്നത്. ബാരാപോൾ നദിയിൽ വെള്ളം എത്തുന്ന കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരിവനമേഖലയിലും മഴയിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
