തിരുവനന്തപുരം :- ഭരണനിർവ്വഹണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ 100 ദിന കർമ പരിപാടി ജൂലൈ ഒന്ന് മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമില്ലാത്ത നിരവധി ഫയലുകൾ ധനകാര്യ വകുപ്പിലേക്ക് എത്തുന്നതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിൽ ഭൂരിഭാഗവും ധനപരമായ ചട്ടങ്ങൾ മനസ്സിലാക്കാതെ വരുന്ന ഫയലുകളാണ്. ഇവ പലതും തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇത് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിനും പദ്ധതികൾ വൈകുന്നതിനും ഇടയാക്കും. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കാൻ 1974-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച മാതൃകയിൽ എല്ലാ വകുപ്പുകളിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കും. ഇതോടെ എല്ലാ വകുപ്പുകളിലും ധനപരമായ കാര്യങ്ങളിൽ പരിശോധന ഉണ്ടാകും.
ഇതോടെ ധനകാര്യ വകുപ്പിലേക്ക് അയക്കുന്ന ഫയലുകളുടെ എണ്ണം കുറയും. ഇതിന് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ എല്ലാ വകുപ്പ് സെക്രട്ടറിമാരുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി നിയമിക്കണമെന്നും നയപരമായ കാര്യങ്ങൾ, പുതിയ പദ്ധതികൾ, വിശാലമായ സാമ്പത്തിക പദ്ധതികൾ എന്നിവയ്ക്ക് മാത്രമായി ധനകാര്യ വകുപ്പിനെ സമീപിക്കണമെന്നും നിർദേശം നൽകും. ധനകാര്യ വകുപ്പ് അധികാരങ്ങൾ ഡിസെൻട്രലൈസ് ചെയ്യും. ഇതിലൂടെ നടപടിക്രമങ്ങൾ സുഗമമാക്കാനും വലിയ മാറ്റങ്ങൾ വരുത്താനും സാധിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊതുസംഭരണ മാർഗനിർദേശം തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
