കണ്ണൂർ:-മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്ട്രീറ്റ് നമ്പർ 21 എന്ന പ്രദേശത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും സ്ഥലം നികത്തലുകളും നിയമവിധേയമാണോ എന്ന് സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ്.
അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കെട്ടിട നിർമ്മാണ ചട്ടങ്ങൾ, തീരദേശ നിയന്ത്രണ വിജ്ഞാപനങ്ങൾ എന്നിവ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകണം. പരിസ്ഥിതിയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് മൂന്നുമാസത്തിനകം ജില്ലാ കളക്ടർ സമർപ്പിക്കണം.
തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രദേശത്ത് മണ്ണു നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതായി ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ നിന്നുംവ്യക്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യകരമായ ജീവിതാവകാശവും ഓരോ പൗരന്റെയും ഭരണഘടനാപരമായ മൗലികാവകാശങ്ങളാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന രീതിയിലുള്ള അനധികൃത ഇടപെടലുകളിൽ അതീവ ജാഗ്രത പുലർത്തണം. തീരദേശ പരിസ്ഥിതിയുടെ നാശം പൊതുജനാരോഗ്യത്തെയും സുരക്ഷിതത്വത്തെയും നേരിട്ട് ബാധിക്കുമെന്ന് കമ്മീഷൻ ഗൗരവപൂർവ്വം നിരീക്ഷിച്ചുഏകദേശം മൂന്നര ഏക്കർ ഭൂമി അനനധികൃതമായി മണ്ണിട്ട് നികത്തിയതായി സാഹിർ ചാലിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
