സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെയും തീർഥാടന കേന്ദ്രങ്ങളിലെയും തിരക്ക് നിയന്ത്രണം ; ഓൺലൈൻ ബുക്കിങ്ങ് ആരംഭിക്കാൻ ആലോചന


തിരുവനന്തപുരം :- സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെയും തീർഥാടന കേന്ദ്രങ്ങളിലെയും സുരക്ഷ, തിരക്കുനിയന്ത്രണം, ദർശനം എന്നിവയ്ക്കായി കേന്ദ്രീകൃത പോർട്ടൽ സംവിധാനമൊരുക്കാൻ സർക്കാർ ആലോചിക്കുന്നു. കേരളത്തിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണു നീക്കം. തമിഴ്‌നാട് സർക്കാർ അടുത്തയിടെ പഴനി, തിരുച്ചെന്തൂർ ഉൾപ്പെടെയുള്ള 50 പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. 

ഈ മാതൃക നിരീക്ഷിച്ചുവരികയാണ്. നിലവിൽ ശബരിമലയിൽ ഓൺലൈൻ ദർശന സൗകര്യമുണ്ടെങ്കിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലെ ബുക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമല്ല. ശബരിമലയും ഗുരുവായൂരുമടക്കമുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനായി മണിക്കൂറുകളോളം വരിനിൽക്കുന്നത് ഒഴിവാക്കാൻ 'ടൈം-സ്ലോട്ട്' അനുസരിച്ചുള്ള ദർശനമായിരിക്കും ഏർപ്പെടുത്തുക. ശബരിമലയിലെ തിരക്കു ലഘുകരിക്കുന്നതിനായി ബേസ് ക്യാംപായ നിലയ്ക്കലിൽ വിശ്രമ സൗകര്യങ്ങൾ വർധിപ്പിക്കും. 

ഭക്തർക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ നിശ്ചിത സമയക്രമം അനുവദിച്ച് ആ സമയത്ത് മാത്രം ദർശനത്തിനായി സന്നിധാനത്തേക്കു കടത്തിവിടാനാണ് ആലോചന. ഇത് പമ്പയിലെയും സന്നിധാനത്തിലെയും തിരക്കുകുറയ്ക്കും. തിരുപ്പതി മാതൃകയിൽ ക്ഷേത്ര പരിസരങ്ങളിലും തീർഥാടന പാതകളിലും ശുചിത്വം ഉറപ്പാക്കാൻ യന്ത്രസംവിധാനങ്ങളും ശുചീകരണ ജീവനക്കാരെയും വിന്യസിക്കും. കൃത്യമായ മാനദണ്ഡങ്ങളും നിശ്ചയിക്കും. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളെയും ആത്മീയ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു 'സംയോജിത തീർഥാടന സർക്കീറ്റ്' രൂപീകരിക്കുന്നതും പരിഗണനയിലാണ്.

Previous Post Next Post