സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു


റിയാദ് :- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്. ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡിൽ ശനിയാഴ്‌ച പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം സംഭവിച്ചത്. അബ്ദുന്നാസർ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ദമ്മാമിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് വിവരം. 

പരേതനായ ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ്. സുലേഖയാണ് ഭാര്യ. അപകടത്തെ തുടർന്ന് ജുബൈൽ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി കെ.എം.സി.സി നേതാക്കളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്.

Previous Post Next Post