സംസ്ഥാനത്തെ സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റാൻ നിർദേശം ; അപകടഭീഷണിയായ മരങ്ങളും മുറിച്ചുമാറ്റണം


കാസർഗോഡ് :- സംസ്ഥാനത്തെ സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, മതിലുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റാൻ നിർദേശം. അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും വേണം. സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ജില്ലാ കളക്ടർമാരുമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത് ചെയ്യേണ്ടതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം നൽകി.

ഫിറ്റ്നസ് ലഭിക്കാൻ മുൻപ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, വനംവകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നീ അഞ്ച് വകുപ്പുകളിൽ നിന്ന് പ്രത്യേകം എൻ.ഒ. സി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ നിബന്ധന സർക്കാർ പിൻവലിച്ചു. പുതിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയറും ആരോഗ്യ വിഭാഗവും സംയുക്തമായി സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കും. 

തദ്ദേശസ്ഥാപനങ്ങളുടെ സഞ്ജയ ഡേറ്റാബേസിൽ ഉൾപ്പെടുത്താനായി നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ നൽകിയിട്ടുള്ള സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഈ വർഷം കൂടി ഇളവ് അനുവദിക്കാനും നിർദേശമുണ്ട്. കെ-സ്മാർട്ടിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമാക്കാനും വസ്തുവിൻ്റെ വിസ്തീർണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്താനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടിയെടുക്കുകയും വേണം.

Previous Post Next Post