ഭാര്യയുടെ സംസ്കാര ചടങ്ങിനിടെ ഭർത്താവും വിടവാങ്ങി ; മരണത്തിലും ഒന്നിച്ച് ദമ്പതികൾ


കൊച്ചി :- ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഭാര്യയും ഭർത്താവും ഒരേ ദിവസം വിടവാങ്ങി. കോട്ടുവള്ളി പള്ളിക്ക് സമീപം കൊപ്പറമ്പ് റോഡിലെ കുന്നവീട്ടിൽ ദേവസ്സി ജോസഫ് (89), ഭാര്യ ഫിലോമിന ജോസഫ് (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഫിലോമിനയുടെ അന്ത്യം. വൈകുന്നേരം നാല് മണിക്ക് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്‌കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകിട്ട് 3.30ഓടെ ദേവസ്സി ജോസഫും അന്തരിച്ചു.

തുടർന്ന് ഇരുവരുടെയും സംസ്‌കാരം കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി. ജീവിതം മുഴുവൻ ഒന്നിച്ച് നടന്ന ദമ്പതികൾ അവസാന യാത്രയും ഒന്നിച്ചായതിന്റെ വികാരഭരിതമായ കാഴ്‌ചയായിരുന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും ബാക്കിയായത്. മക്കൾ: ലോറൻസ് (കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചെമ്മദോർ), സെബാസ്റ്റ്യൻ (ബിസിനസ്), സീന, ആന്റണി (ബിസിനസ്). മരുമക്കൾ: റൈസി (റിട്ട. അധ്യാപിക), സൂസിൻ, ജിഫിൻ, വിജിത.

കഴിഞ്ഞ ദിവസം ആലപ്പുഴയിലും സമാന സംഭവം നടന്നിരുന്നു. ചെങ്ങന്നൂരിൽ ഭർത്താവിന്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യയാണ് വിടവാങ്ങിയത്. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി സി ചെറിയാന്റെ (88) സംസ്കാരം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) കൊച്ചിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.

Previous Post Next Post