ന്യൂഡൽഹി :- പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതത്തെത്തുടർന്ന് രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.48 ശതമാനമായിരുന്നത് മെയ് മാസത്തിൽ 3.93 ശതമാനമായി ഉയർന്നു. ഇന്ധനവിലയിലെ വർധന ഭക്ഷ്യവിലക്കയറ്റത്തി നും കാരണമാകുന്നുവെന്നു വ്യക്തമാക്കുന്നതാണ് കണക്കുകൾ. കേരളത്തിലെ വിലക്കയറ്റത്തോത് 3.77 ശതമാനമായിരുന്നത് ഇക്കുറി 4.3 ശതമാനമായി ഉയർന്നു.
തെലങ്കാന (6.16%), തമിഴ്‌നാട് (5.11%), ആന്ധ്രപ്രദേശ് (4.9%), കർണാടക (4.59%), ഒഡീഷ (4.54%) എന്നിങ്ങനെയാണ് ആദ്യ 5 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത്. ആറാമതാണ് കേരളം. ഭക്ഷ്യവസ്തുക്കളുമായി ബന്ധ പ്പെട്ട വിലക്കയറ്റം 4.2 ശതമാനമായിരുന്നത് 4.78 ശതമാനമായി ഉയർന്നു.വിലക്കയറ്റത്തോത് ഏകദേശം 4 ശതമാനത്തിൽ നിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള ജനുവരിയിലെ കണക്കുമായി മേയ് മാസത്തെ കണക്ക് താരതമ്യം ചെയ്താൽ, കേരളത്തിൽ നാരങ്ങയുടെ വിലയിലാണ് ഏറ്റവും വർധന. ഈ കാലയളവിൽ നാരങ്ങയുടെ വില ഇരട്ടിയിലേറെയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വർധന 106%. ഏപ്രിലിലെ കനത്ത ചൂട് വില കൂടാൻ കാരണമായിരുന്നു. നാരങ്ങ കഴിഞ്ഞാൽ ഇഞ്ചി (44%), ബീൻസ് (36%), ഉണക്കമുളക് (20%), ആപ്പിൾ (15.4%), തക്കാളി (15.4%) എന്നിങ്ങനെ വിലവർധനയുണ്ടായതായാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക്.
വാഴപ്പഴത്തിൻ്റെ വിലയിൽ 8% വർധനയുണ്ടായി. സീസണൽ പഴങ്ങളുടെ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. മാങ്ങയുടെ വിലയിൽ ഏകദേശം 37 ശതമാനത്തിന്റെ കുറവുണ്ടായി. തണ്ണിമത്തൻ്റെ വിലയിലുണ്ടായ കുറവ് 26 ശതമാനമാണ്. എൽപിജി വിലയിൽ 3.5 ശതമാനവും പെട്രോൾ, ഡീസൽ വിലയിൽ 3 ശതമാനവുമാണ് വർധന. സ്വർണാഭരണങ്ങളുടെ വില 9% കൂടി.
