സെക്രട്ടേറിയേറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം ; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു


തിരുവനന്തപുരം :- സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങൾ ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സർക്കാർ അംഗീകൃത അക്രഡിറ്റേഷൻ കാർഡ് ഉള്ള മാധ്യമപ്രവർത്തകരെ പോലും പ്രത്യേക അനുമതിയില്ലാതെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

പൊതുസന്ദർശകർക്കുള്ള നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമങ്ങളെയും തടയുന്നത്. ഇതിനു പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. സന്ദർശക സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയതും വാർത്താശേഖരണത്തെ ബാധിക്കുന്നുണ്ട്. മുൻപ് ഈ നടപടികൾക്കെതിരെ ശക്തമായി പ്രതികരിച്ചവർ തന്നെ ഇപ്പോൾ സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തിരക്ക് കാരണം പ്രവേശനത്തിലെ നിയന്ത്രണങ്ങളിൽ തീരുമാനമായിട്ടില്ലെന്നും ഈ മാസം തന്നെ വ്യക്തത വരുത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Previous Post Next Post