തലശ്ശേരി :- രണ്ട് വീടുകളിൽ നിന്നായി മൂന്ന് പവന്റെ സ്വർണ്ണമാലയും ഒരു ലാപ്ടോപ്പും കവർന്ന കേസിൽ രണ്ട് മാസത്തിന് ശേഷം രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. കോഴിക്കോട് ചേളന്നൂരിലെ കെ.കെ ലുബൈസ് സിനാൻ (32), കോഴിക്കോട് കൊടുവള്ളിയിലെ എം.വി മഖ്ബൂസ് ഹാനുക് (31) എന്നിവരെയാണ് ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എലത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.
പെരിങ്ങത്തൂരിനടുത്തുള്ള സെയ്ഫ് നഗറിൽ ഏപ്രിൽ 10 നാണ് മോഷണം നടന്നത്. ഒരു വീട്ടിൽ നിന്നും ലാപ്ടോപ്പും തൊട്ടടുത്ത വീട്ടിൽനിന്നാണ് മൂന്ന് പവൻ മാലയും മോഷ്ടിച്ചത്. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. സ്വന്തമായി സിംകാർഡുകളില്ലാത്ത പ്രതികൾ മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ചൊക്ലി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ. രാകേഷ്, സീനിയർ സി.പി.ഒമാരായ കെ.വി ജിത്ത്, കെ.സബീഷ്, സി.പി.ഒ പി.കെ അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
