കൊട്ടിയൂർ :- ഈ വർഷത്തെ കൊട്ടിയൂർ വൈശാഖോത്സവത്തിന് ബുധനാഴ്ചത്തെ തൃക്കലശാട്ടോടെ സമാപനമാകും. വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ അവസാനത്തെതായ അത്തം ചതുശ്ശതം ചൊവ്വാഴ്ച ഭഗവാന് നിവേദിക്കും. അവസാനത്തെ ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവസ്വം വകയാണ്.
നാലാമത്തെ ചതുശ്ശതം സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപശ്ചര്യയിലേക്കെത്തുമെന്നാണ് വിശ്വാസം. ഉച്ചശീവേലിക്കിടെ ഏഴില്ലക്കാർ ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതികൾ തേങ്ങയേറും നടത്തും. രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ പുലർച്ചെവരെ നീളും.
