കണ്ണൂർ ടൗണിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി കോർപ്പറേഷൻ ; ഉടമകളിൽ നിന്ന് 25000 രൂപ പിഴ


കണ്ണൂർ :-കണ്ണൂർ നഗരത്തിൽ യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ നാളായി തലവേദന സൃഷ്ടിച്ചുകൊണ്ട് അലഞ്ഞുതിരിയുന്ന കന്നുകാലികളെ കോർപ്പറേഷൻ അധികൃതർ പിടികൂടി. റോഡുകൾ കീഴടക്കിയുള്ള കന്നുകാലികളുടെ സഞ്ചാരം കാരണം കടുത്ത ഗതാഗതക്കുരുക്കും അപകടഭീഷണിയുമാണ് ടൗണിൽ നിലനിന്നിരുന്നത്. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ​കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ, കന്നുകാലി പിടിത്തക്കാരുടെ പ്രത്യേക സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് കന്നുകാലികളെ പിടികൂടിയത്.

നീർച്ചാൽ, സിറ്റി, മൈതാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് പശുക്കുട്ടികളടക്കം പത്തെണ്ണത്തിനെയാണ് പിടികൂടി കോർപ്പറേഷന്റെ പാറക്കണ്ടിയിലെ പോണ്ടിൽ കെട്ടിയത്. പിടികൂടിയ കന്നുകാലികളുടെ ഉടമകളെ കണ്ടെത്തി പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. ഉടമസ്ഥർക്ക് 25,000 രൂപ മുതൽ പിഴയീടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ മേയർ പി.ഇന്ദിര പറഞ്ഞു.

Previous Post Next Post