അധികൃതർ കാണുന്നുണ്ടോ ? ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊളച്ചേരിയിലെ കാടുമൂടിയ കനാലുകൾ


  

കൊളച്ചേരി :- പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാലുകൾ കാടുമൂടികിടക്കുന്നത് കനാലിന് സമീപത്തെ പ്രദേശവാസികൾക്ക് വലിയ ദുരിതമാകുന്നു. കാട് വളർന്ന് പന്തലിച്ചതോടെ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ് കൊളച്ചേരിയിലെ കനാലുകൾ. ​ കനാലിനരികിലൂടെ കടന്നുപോകുന്ന റോഡിൽ രാത്രികാലങ്ങളിൽ വിഷപ്പാമ്പുകൾ ഉൾപ്പടെയുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഇവ സമീപത്തെ വീട്ടുപറമ്പുകളിലേക്കും വീടുകളിലേക്കും വരെ ഇഴച്ചുകയറുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇതിനുപുറമേ തെരുവുനായ്ക്കളും കാട്ടുപന്നികളും ഏതുനേരവും റോഡിൽ തമ്പടിക്കുന്നത് കാരണം ഭയമില്ലാതെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പള്ളിപ്പറമ്പിൽ കനാൽ പരിസരത്ത് താമസിക്കുന്ന സ്ത്രീക്ക് കനാലിൽ നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് കടിയേറ്റിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. 

​ഇടതൂർന്ന് വളർന്ന കാടുകളുടെ മറവിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന അറവുശാല മാലിന്യങ്ങൾ കനാലിലേക്ക് തള്ളുന്നതും പതിവായിട്ടുണ്ട്. കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി, കായച്ചിറ, ചേലേരി, പള്ളിപ്പറമ്പ്, പെരുമാച്ചേരി എന്നിവിടങ്ങളിലെ കനാലുകളിൽ കാടിന്റെ മറവിൽ ഹോട്ടൽ മാലിന്യങ്ങൾ, കുട്ടികളുടെ നാപ്കിനുകൾ, ഭക്ഷണമാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ എന്നിവ കൊണ്ടിടാറുണ്ട്. കണ്ണൂരിൽ നിന്നുള്ള മാലിന്യങ്ങൾ പോലും കൊളച്ചേരിയിലെ കനാലുകളിൽ തള്ളാറുണ്ട്.  ഇത് പ്രദേശത്ത് കടുത്ത ദുർഗന്ധത്തിനും പകർച്ചവ്യാധി ഭീഷണിക്കും കാരണമാകുന്നു. ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നൽകുന്നവർക്ക് പഞ്ചായത്ത് പരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, കീഴല്ലൂർ, കൂടാളി തുടങ്ങി ഒട്ടേറെ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് ഈ കനാൽ ശൃംഖല.45 ഓളം വർഷങ്ങൾക്ക് മുൻപാണ് സമീപ പഞ്ചായത്തുകളിലെ വയലുകളിൽ കൃഷിക്കായി വെള്ളമെത്തിക്കാൻ പഴശ്ശി പദ്ധതിയുടെ ഭാഗമായി കനാലുകൾ നിർമിച്ചത്.  എന്നാൽ നിർമാണം കഴിഞ്ഞ് കാലമേറെ കഴിഞ്ഞതോടെ കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ ഇവ പൂർണ്ണമായും ഉപയോഗശൂന്യമാവുകയായിരുന്നു. ​കനാലുകളിലെ കാടുകൾ വെട്ടിത്തെളിച്ച്, മാലിന്യ നിക്ഷേപം തടഞ്ഞ് തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. 











Previous Post Next Post