കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രം; വാണിയപ്പാറ പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹത നീങ്ങുന്നു


ഇരിട്ടി :- വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. രണ്ടു മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. എന്നാൽ സംശയാസ്‌പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. പള്ളിയുടെ പരാതിയിൽ ഇന്ന് രാവിലെ കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം കല്ലറ അടക്കുകയായിരുന്നു. കല്ലറയിൽ ഉള്ളത് നേരത്തെ അടക്കിയ മൃതദേഹങ്ങളാണെന്നും 2006ൽ അടക്കിയ മറിയയുടെയും 2015ൽ അടക്കിയ ജെയിംസിന്റെയും മൃതദേഹമാണ് അതെന്നും എഎസ്പി ജയരാജ് പ്രതികരിച്ചു. പായയുടെ കൂടെ ഉള്ളത് മറിയയുടെ മൃതദേഹമാണ്. ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. കല്ലറയിൽ ദുരൂഹത ഇല്ലെന്നും നിലവിൽ കല്ലറയിൽ ഉള്ളത് രണ്ടു മൃതദേഹങ്ങൾ മാത്രമാണെന്നും പൊലീസും അറിയിച്ചു.

ഈ മാസം 13-ാം തീയ്യതി ശനിയാഴ്ചയാണ് കണ്ണൂർ അയ്യൻകുന്ന് വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ സംസ്‌കാരത്തിനായി തുറക്കുന്നത്. കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കാണുന്നത്. ഇത് രേഖകളില്ലാത്ത മൃതദേഹമാണെന്നും മാത്രമല്ല പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതുമാണ് സംശയങ്ങൾക്ക് വഴി വച്ചത്. അസ്വാഭാവികത ഉയർന്നതിനെ തുടർന്ന് പള്ളി വികാരി 2. ഫാ. ജിൽബർട്ട് കൊന്നയിലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 2019ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും മുൻപ് നിയമപരമായി സംസ്കരിച്ച രണ്ട് മൃതദേഹങ്ങൾ തന്നെയാകാം ഇതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംശയങ്ങൾ ദൂരീകരിക്കാനാണ് ഇന്ന് കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഡി.എൻ.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇതിൽ വ്യക്തത വരൂ.

Previous Post Next Post