കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ അവസാനത്തെ ചതുശ്ശതം ചൊവ്വാഴ്ച പെരുമാൾക്ക് സമർപ്പിക്കും. അന്നുതന്നെ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും കലശപൂജയും നടക്കും. നാലാമത്തെ ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവസ്വം വകയാണ്. അത്തം ചതുശ്ശതം സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായീഭാവമായ തപശ്ചര്യയിലേക്കെത്തുമെന്നാണ് വിശ്വാസം.
ഉച്ചശീവേലിക്കിടെ ഏഴില്ലക്കാർദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ പുലർച്ചെവരെ നീളും. ബുധനാഴ്ച തൃക്കലശാട്ടോടെ വൈശാഖോത്സവം സമാപിക്കും. മകം നാളിൽ തുടങ്ങിയ ഗൂഢപൂജകൾ തിങ്കളാഴ്ചയും തുടരും. ശനിയാഴ്ച ഉച്ചശീവേലിയോടെ സ്ത്രീകളുടെ ദർശനകാലം അവസാനിച്ചു. പുരുഷന്മാർക്ക് തൃക്കലശാട്ട് ദിനം വരെ അക്കരെ ദർശനം നടത്താം. വലിയ ഭക്തജനത്തിരക്കാണ് ഞായറാഴ്ചയും അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.
