NEET പരീക്ഷാ സുരക്ഷ ; ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി


ദില്ലി :- ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി  ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളി. നിരോധനം 22വരെ തുടരും. കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താൽക്കാലിക നിരോധനത്തിന് കേന്ദ്രം ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചു. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. കേട്ടു കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിൻ്റേതെന്ന് ടെലഗ്രാം കോടതിയിൽ വാദിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

നിരോധന നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേൾക്കാതെയാണ് നിരോധനം എന്നുമാണ് ടെലഗ്രാം ഹർജിയിൽ വാദിക്കുന്നത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ പരിഹസിച്ച് കമ്പനി സ്ഥാപകൻ പവൽ ഡുറോവ് രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ഡുറോവ് പ്രതികരിച്ചു. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കി. ഇതിനിടെ പുനപരീക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുകയാണ് എൻടിഎ.

Previous Post Next Post