കണ്ണൂർ:- മുപ്പത്തി മൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ കമ്പിൽ കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും വിജയിച്ച രണ്ടായിരത്തോളം പ്രതിഭകൾ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതിലധികം മത്സര ഇനങ്ങളിൽ മാറ്റുരക്കും.
പ്രശസ്ത ജേർണലിസ്റ്റും സോഷ്യൽ ആക്റ്റിവിസ്റ്റും ഇന്ത്യയിലെ പ്രശസ്ത സ്വതന്ത്ര നിരൂപണ ബഹു തല മാധ്യമ സ്ഥാപനമായ ദി വയറിന്റെ സ്ഥാപകനുമായ എം കെ വേണു മുപ്പത്തി മൂന്നാമത് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും.
നാളെ നടക്കുന്ന ജില്ലയിലെ മുൻകാല പ്രസ്ഥാനിക നേതാക്കളുടെ മഖാം സിയാറത്തോടെ ഈ വർഷത്തെ ജില്ലാ സാഹിത്യോത്സവിന് ഔദ്യോഗിക തുടക്കമാവും. ജൂലൈ രണ്ട് വൈകിട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദി വേശാല പതാക ഉയർത്തും. സിയാറത്തിന് എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെവി സുമേഷ് MLA ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ പി നസീർ, ശ്രീധരൻ സംഘമിത്ര തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സംഗമത്തിൽ പങ്കെടുക്കും.
ജൂലൈ മൂന്ന് വൈകിട്ട് നാല് മുപ്പതിന് 'ലിവിങ് ആർക്കൈവ് ' സെഷൻ ഫൈസൽ എളേറ്റിൽ, അബ്ദു റഹ്മാൻ ഹികമി തുടങ്ങിയവർ നേതൃത്വം നൽകും. രാത്രി എഴിന് സയ്യിദ് ഉവൈസ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ആത്മീയ സംഗമത്തിൽ സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.
ജൂലൈ നാല്, അഞ്ച് തിയ്യതികളിലായി ജില്ലയിലെ കലാ പ്രതിഭകളുടെ സ്റ്റേജ്, നോൺ സ്റ്റേജ് തല മത്സരങ്ങൾ അരങ്ങേറും.
ജൂലൈ നാല് വൈകിട്ട് നാലിന് സാഹിത്യോത്സവ് ഉദ്ഘാടന സമ്മേളനം നടക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ എം കെ വേണു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ രിസാല അപ്ഡേറ്റ് സി. ഇ. ഒ. സി എൻ ജഅഫർ സാദിഖ് സന്ദേശ പ്രഭാഷണം നടത്തും. എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന, ജില്ലാ ഭാരവാഹികൾ സാന്നിധ്യമറിയിക്കും. രാത്രി നടക്കുന്ന സമസ്ത സെന്റിനറി പ്രഭാഷണം എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി നിർവഹിക്കും.
സമാപന ദിനമായ ജൂലൈ അഞ്ചിന് രാവിലെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബൂബക്കർ സാഹിത്യോത്സവ് പ്രമേയ പ്രഭാഷണം നടത്തും. ചരിത്ര സത്യങ്ങൾ ബോധപൂർവ്വം മറച്ചു പിടിക്കുന്ന ഭരണ കൂട നിലപാടുകളും, യഥാർത്ഥ ചരിത്രം ഭാവി തലമുറക്ക് വേണ്ടി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും, ആരാലും ശ്രദ്ധിക്കപ്പെടാതെ ചരിത്രത്താൽ വിസ്മരിക്കപ്പെടുന്ന അതിജീവിതരുടെ വർത്തമാനങ്ങളും സാഹിത്യോത്സവ് ചർച്ച ചെയ്യും. സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് സുഹൈൽ തങ്ങൾ പ്രാർത്ഥന നിർവഹിക്കും. അനുമോദന പ്രഭാഷണം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി നിർവഹിക്കും. തുടർന്ന് സാഹിത്യോത്സവ് പ്രതിഭകൾക്കുള്ള അവാർഡ് ദാനം നടക്കും. ചടങ്ങിൽ പ്രസ്ഥാനിക, പ്രാദേശിക, സാംസ്‌കാരിക നേതാക്കൾ സന്നിഹിതരാകും.
വാർത്ത സമ്മേളനത്തിൽ മുഹമ്മദ് സാലിം (ജനറൽ സെക്രട്ടറി, എസ് എസ് എഫ് കണ്ണൂർ )ബഷീർ അർഷദി വേശാല (ചെയർമാൻ , സ്വാഗത സംഘം)ഫായിസ് അബ്ദുള്ള (സെക്രട്ടറി, എസ് എസ് എഫ് കണ്ണൂർ )ഡോ അബ്ദുള്ള (സെക്രട്ടറി, എസ് എസ് എഫ് കണ്ണൂർ )അഷ്‌റഫ് ചേലേരി (സ്വാഗത സംഘം മീഡിയ കൺവീനർ) എന്നിവർ പങ്കെടുത്തു.
