വാഷിങ്ടൺ :- ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെൻന്റഗൺ വ്യക്തമാക്കി. തിങ്കളാഴ്ച സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനിക നീക്കങ്ങളുടെ ഭീമമായ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. 2 സെപ്റ്റംബർ 30-ഓടെ ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പ്രതീക്ഷിക്കുന്ന മൊത്തം ചെലവുകൾ കൂടി ഉൾപ്പെടുത്തിയാണ് പെൻ്റഗൺ പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 8 ബില്യൺ ഡോളറിൻ്റെ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സൈനിക ചെലവുകൾ പെട്ടെന്ന് ഉയർന്ന പശ്ചാത്തലത്തിൽ, യുദ്ധത്തിനായി കൂടുതൽ തുക വകയിരുത്തിയില്ലെങ്കിൽ യു.എസ് സൈന്യത്തിൻ്റെ ഭാവി പരിശീലന പരിപാടികൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 67 ബില്യൺ ഡോളറിലധികം വരുന്ന അനുബന്ധ ബജറ്റ് വിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് പെൻ്റഗൺ യു.എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസമാദ്യം ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അമേരിക്ക പുനരാരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രതിരോധ ചെലവുകളെക്കുറിച്ച് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടത്.
അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പൊതുജനങ്ങൾക്ക് താൽപ്പര്യമില്ലാത്ത യുദ്ധവും അതിനായി ചെലവഴിക്കുന്ന കോടാനുകോടി ഡോളറും രാജ്യത്ത് വലിയ ചർച്ചയായിട്ടുണ്ട്. മുൻനിര ഡെമോക്രാറ്റിക് ജനപ്രതിനിധികൾ അടക്കമുള്ളവർ ഭരണകൂടത്തിന്റെ ഈ നീക്കത്തെ ശക്തമായി വിമർശിക്കുകയും, യുദ്ധം തുടർന്നാൽ യഥാർത്ഥ ചെലവ് ഇതിലും എത്രയോ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ യു.എസ് കോൺഗ്രസിൽ ഈ വിഷയം വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
