സെൻസസ് ഉദ്യോഗസ്ഥയെത്തി വിളിച്ചിട്ടും പുറത്തിറങ്ങിയില്ല ; വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


വയനാട് :- തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലെ പാളാക്കരവയൽ എന്ന പ്രദേശത്ത് താമസിക്കുന്ന സഫിയ (73) യെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ സഫിയയുടെ വീട്ടിൽ സെൻസസിന്റെ ഭാഗമായി ഉദ്യോഗസ്ഥ എത്തിയിരുന്നു. 

വാതിൽ തുറന്നുകിടക്കുകയായിരുന്നെങ്കിലും ഉദ്യോഗസ്ഥ ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. ഇതോടെ അയൽവാസികളെ വിവരമറിയിച്ച് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ സഫിയയെ കണ്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post