ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം ; ഇന്ധന ടാങ്കറിന് തീ പിടിച്ചു


ടെഹ്റാൻ :- ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം നാളിലും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്റെ ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈൽ സിസ്റ്റങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അതേസമയം ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ആക്രമിച്ച് അമേരിക്ക. ഇറാൻ്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി ബോംബാക്രമണം നടത്തിയത്.

ഇതിന് ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) രംഗത്തെത്തി. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഹോർമുസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാൻ്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചിട്ടില്ല. ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ആശങ്കകളും കൂടുതൽ കടുത്തിരിക്കുകയാണ്. ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് വഴിയിലുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി നിലച്ച മട്ടാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ കടന്നു. യുഎസിൽ പെട്രോൾ വില ഗാലന് 4 ഡോളറായി ഉയർന്നിട്ടുണ്ട്. മേഖലയിൽ സമ്പൂർണ്ണ യുദ്ധസാധ്യത ഏറിയതോടെ, മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് യാത്രതിരിച്ചതായാണ് റിപ്പോർട്ടുകൾ.

Previous Post Next Post