മണ്ണിടിച്ചിലിന് സാധ്യത ; കർണ്ണാടകയിൽ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം


മൈസൂരു :- കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം. ചിക്കമഗളൂരു ജില്ലയിലെ കുദ്രേമുഖ് ഡിവിഷനുകീഴിലെ കുദ്രേമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ ട്രെക്കിങ് പാതകളിലാണ് വനംവകുപ്പ് വീണ്ടും നിയന്ത്രണമേർപ്പെടുത്തിയത്. ഇനി ഗൈഡുകളുടെ സാന്നി ധ്യത്തിൽമാത്രമേ സഞ്ചാരികളെ മലകയറാൻ അനുവദിക്കുകയുള്ളൂ. ഗൈഡുകൾ ജി.പി.എസ് സൗകര്യമുള്ള വാക്കിടോക്കികൾ കൈയിൽ കരുതണം. പരമാവധി ഒരുദിവസം 150 പേരെ മാത്രമേ ഒരു പാതയിൽ മലകയറാൻ അനുവദിക്കുകയുള്ളൂ. 

ഗൈഡു കളുടെ സുരക്ഷാനിർദേശങ്ങൾ പൂർണമായും സഞ്ചാരികൾ അനുസരിക്കണം. ഓൺലൈനിലൂടെ തിരിച്ചറിയൽകാർഡുകൾ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത സഞ്ചാരികളെ മാത്രമേ ട്രെക്കിങ്ങിന് അനുവദിക്കൂ. തിരിച്ചറിയൽ കാർഡും ഓൺലൈൻ രജിസ്ട്രേഷനും സ്ഥിരീകരിക്കേണ്ട പൂർണ ഉത്തരവാദിത്വം ഗൈഡുകൾക്കായിരിക്കും. ഇതിൽ വീഴ്ചവരുത്തുന്ന ഗൈഡുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ട ട്രെക്കിങ് കേന്ദ്രങ്ങൾ രണ്ടാഴ്ച മുൻപാണ് പൂർണമായും തുറന്നത്.

Previous Post Next Post