മട്ടന്നൂർ :- പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി ഒഴിഞ്ഞ് കൂടുതൽ സർവ്വീസുകൾ പുനരാരംഭിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. മേയിലെ കണക്ക് പ്രകാരം മുൻ മാസത്തെക്കാൾ 26,733 അന്താരാഷ്ട്ര യാത്രക്കാർ കൂടി. 44,982 പേരാണ് മേയിൽ കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്രചെയ്തത്. കഴിഞ്ഞ മേയിൽ 1,00,993 അന്താരാഷ്ട്ര യാത്രക്കാരുണ്ടായിരുന്നു. ഏതാനും ആഭ്യന്തര സർവീസുകൾ കുറഞ്ഞതോടെ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.
ഏപ്രിലിൽ 43,528 പേരുണ്ടായിരുന്നത് മേയിൽ 42,277 ആയി കുറഞ്ഞു. 160 അന്താരാഷ്ട്ര സർവീസുകളാണ് മേയിൽ വർധിച്ചത്. 279 അന്താരാഷ്ട്ര സർവീസുകളും 388 ആഭ്യന്തര സർവീസുകളുമാണ് മേയിൽ നടത്തിയത്. സർവീസുകൾ മിക്കതും പുനരാരംഭിച്ചതിനാൽ വരും മാസങ്ങളിൽ കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒരുലക്ഷം കടന്നേക്കും. യുദ്ധത്തെ തുടർന്ന് നിർത്തിവെച്ച 80 ശതമാനം സർവീസുകളും വീണ്ടും തുടങ്ങിയിട്ടുണ്ട്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
