കൊച്ചി :- 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെയ്‌ത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയുരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോരാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത്. യൂട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്നാണ് വിവരം.
ഷമീറും മമ്മുവും ഒരുഭാഗത്തും തൊപ്പി മറ്റൊരു ഭാഗത്തുമായി യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരോപണം ഉന്നയിച്ചു. വരുമാനം പങ്കുവെക്കുന്നതിലെ തർക്കത്തിന് പുറമെ തങ്ങളെ അടിമകളെപ്പോലെയാണ് തൊപ്പി കണ്ടതെന്ന ആരോപണവും ഇരുവരും ഉന്നയിച്ചു. അടിവസ്ത്രം ഉൾപ്പെടെ തൊപ്പി കഴുകിച്ചുവെന്ന് മമ്മു യൂട്യൂബ് ലൈവിൽ വെളിപ്പെടുത്തി. ലഹരി ഉപയോഗം, ലൈംഗികചൂഷണം, അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഷമീറും മമ്മുവും തൊപ്പിക്കെതിരെ ഉന്നയിച്ചത്. പിന്നാലെയാണ് ഷമീറിന്റേയും മമ്മുവിന്റേയും നഗ്നദൃശ്യങ്ങൾ തൊപ്പി പുറത്തുവിട്ടത്.
