തൃശൂർ :- സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിഷം കഴിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ആറ് വയസ്സുള്ള മകൾ റിഥിക, ഏഴ് വയസ്സുള്ള മകൻ റിഥിൻ എന്നിവർക്കാണ് മുത്തു എലിവിഷം നൽകിയത്. ഇതിന് പിന്നാലെ ഇയാൾ സ്വയം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു.
തുടർന്ന് ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. അതേസമയം, പിതാവ് വിഷം നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആറ് വയസ്സുകാരി റിഥികയും ഏഴ് വയസ്സുകാരൻ റിഥിനും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
