നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു ; എതിരെ വന്ന ലോറിക്കടിയിൽപെട്ട് യുവാവ് മരണപ്പെട്ടു


കോലഞ്ചേരി :- കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസിൽ എസ് രാഹുൽ (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വാഴക്കുളം കുതനപ്പിള്ളി വീട്ടിൽ ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

കോളേജിലേക്ക് പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. രാഹുൽ എതിർദിശയിൽ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയൻ ജോസഫ് ചികിത്സയിലാണ്. രാഹുലിന്റെ സംസ്കാരം നടത്തി. പിതാവ് സുനീപ് (കെഎസ്ആർടിസി ജീവനക്കാരൻ), മാതാവ് സിനി, സഹോദരി ക്ഷേത്ര (പ്ലസ് വൺ വിദ്യാർഥിനി).

Previous Post Next Post