മിറർ ഇമേജ് റൈറ്റിങ് വിദഗ്ദൻ പി പി റാഫേൽ അന്തരിച്ചു


കൊച്ചി :- അക്ഷരങ്ങളെ കണ്ണാടിയിലെ പ്രതിബിംബം പോലെ തിരിച്ചും മറിച്ചും എഴുതുന്ന മിറർ ഇമേജ് റൈറ്റിങ് കലയിൽ പ്രാവീണ്യം തെളിയിച്ച ആയത്തുപടി പള്ളിക്കരക്കാരൻ പി പി റാഫേൽ (റാഫി ബേബി-74) അന്തരിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി എന്നീ ഭാഷകളിൽ അഞ്ച് രീതികളിൽ മിറർ ഇമേജ് എഴുത്ത് അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്.

വലത് കൈയും ഇടത് കൈയും ഒരേ സമയം ഒരേ വേഗത്തിൽ പ്രവർത്തിപ്പിച്ച് വ്യത്യസ്‌ത ഭാഷകളിൽ മിറർ ഇമേജ് ശൈലിയിൽ എഴുതാനുള്ള അപൂർവമായ കഴിവ് പി പി റാഫേലിന്റെ പ്രത്യേകതയായിരുന്നു. അതോടൊപ്പം ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത‌ ഭാഷകളിൽ വ്യത്യസ്‌ വിഷയങ്ങൾ എഴുതുക, ചുണ്ടുകളും കാൽ വിരലുകളും ഉപയോഗിച്ച് അക്ഷരങ്ങൾ എഴുതുക, കണ്ണ് കെട്ടി എഴുതുക, വർത്തമാന പത്രങ്ങളും മ്യൂസിക്കൽ കീബോർഡും തിരിച്ചുപിടിച്ച് വായിക്കുക തുടങ്ങിയ കഴിവുകളും അദ്ദേഹം കാഴ്ചവെച്ചിരുന്നു.

ഈ മേഖലയിൽ നൽകിയ സംഭാവനകൾക്ക് അംഗീകാരമായി 2007ൽ ഇന്ത്യൻ ട്രേഡ് ഫെയർ ഫൗണ്ടേഷന്റെ റൈറ്റിങ് വിസാർഡ് അവാർഡ് ലഭിച്ചു. അതേ വർഷം ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടി. പെരുമ്പാവൂർ ആയത്തുപടിയിൽ 'ത്രീഡി' എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോയും നടത്തിയിരുന്നു. കളമശ്ശേരി എച്ച്എംടിയിൽ 30 വർഷം മെഷിനിസ്റ്റായി ജോലി ചെയ്‌തിരുന്നു. ഭാര്യ: ആലുവ മുളവരിക്കൽ കുടുംബാംഗം വൽസ. മക്കൾ: ധന്യ, ധവാൻ, ദിവ്യ. മരുമക്കൾ: സ്റ്റെഫി (കണിയൊടിക്കൽ, ചുണങ്ങംവേലി), ജിനോ (മോളത്ത്, ആനിക്കാട്, മൂവാറ്റുപുഴ), പരേതനായ സുനിൽ (കടവന്ത്ര പൈനന്തറ കുടുംബാംഗം). സംസ്‌കാരം ഇന്ന് രാവിലെ ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടത്തി.

Previous Post Next Post