വിശാഖപട്ടണം :- ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത്‌തു. പൂർണ്ണമായും ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. പ്രൊജക്റ്റ് 17എ -യുടെ ഭാഗമായി നിർമ്മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് മഹേന്ദ്രഗിരി. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമടക്കം മികച്ച പോരാട്ട സവിശേഷതകളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ വലിയൊരു ചുവടുവെപ്പാണ് ഇതെന്ന് കപ്പൽ കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിർത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹേന്ദ്രഗിരി പർവതനിരയുടെ പേരിലുള്ള ആദ്യത്തെ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ സ്വന്തമായി രൂപകൽപ്പന ചെയ്ത് മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് നിർമ്മിച്ചതാണ് ഇത്. പ്രോജക്റ്റ് 17A ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളിലെ ആറാമത്തെ കപ്പലാണ്. ഈ യുദ്ധക്കപ്പലിൻ്റെ 75 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങൾ കപ്പലിൻ്റെ നിർമാണത്തിൽ ഭാഗമായിട്ടുണ്ട്. സമുദ്ര സുരക്ഷ, തിരച്ചിൽ, രക്ഷാപ്രവർത്തനം, മാനുഷിക സഹായം, ദുരന്ത നിവാരണം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനപ്പുറത്തും സുസ്ഥിര വിന്യാസങ്ങൾ എന്നിവയ്ക്കും കപ്പലിന് കഴിവുണ്ട്.
