'ജീവൻ ദീപം ഒരുമ' പദ്ധതി ; കുടുംബശ്രീ വഴി 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ


തിരുവനന്തപുരം :- കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവൻ ദീപം ഒരുമ' പദ്ധതി വഴി 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സിയുമായി ചേർന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാർഷിക പ്രീമിയം. അംഗങ്ങൾക്ക് മികച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് ക്യാമ്പയിൻ വഴിയാണ് ഇത്രയും പേരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 2027 മാർച്ച് 31 വരെയാണ് പോളിസി കാലാവധി.

അയൽക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്‌മിക മരണമോ അപകടമരണമോ സംഭവിച്ചാൽ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 18 നും 50 നും ഇടയിൽ പ്രായമുള്ള അയൽക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള പ്രകാരം അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51- 60 വയസ് വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ 80,000 രൂപയും, 61 -70 വരെ 30,000 രൂപയും 71 -74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാൽ ഈ തുകയ്ക്ക് പുറമേ 18- 50 വയസു വരെയുള്ള അംഗങ്ങൾക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.

അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പ്‌പയെടുത്ത ശേഷം ഏതെങ്കിലും ഒരഗത്തിനു മരണം സംഭവിച്ചാൽ ആ വ്യക്തിയുടെ വായ്‌പാ ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിൻ്റെ പേരിൽ ഉണ്ടായിരുന്ന വായ്‌പാ തുക ഇൻഷുറൻസ് തുകയിൽ നിന്നും അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇൻഷുറൻസ് ആനുകൂല്യമായി വിതരണം ചെയ്ത‌ിട്ടുണ്ട്. സി.ഡി.എസ്തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരായ ബീമ മിത്ര വഴിയാണ് അയൽക്കൂട്ട അംഗങ്ങളിൽ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയിൽ പുതുതായി അംഗങ്ങളെ ചേർക്കുന്നതും നിലവിലുള്ള പോളിസി പുതുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ബീമാ മിത്ര വഴിയാണ്

Previous Post Next Post