കരിപ്പൂർ :- ഹജ്ജ് നിർവഹിച്ച് കുറഞ്ഞ ദിവസങ്ങൾകൊണ്ടു നാട്ടിൽ തിരിച്ചെത്തുന്ന ഷോർട്ട് ഹജ്ജ് പാക്കേജിന് പ്രിയമേറിയതോടെ, തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സീറ്റ് വർധിപ്പിക്കാനുള്ള ഒരുക്കത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി. ഹജ് തീർഥാടനത്തിന് അവസരം ലഭിച്ച, ഷോർട് ഹജ് പാക്കേജ് ആവശ്യപ്പെട്ട എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കാനാണ് ആലോചന. 10,000 സീറ്റുകളാണ് കേന്ദ്ര ഹജ് കമ്മിറ്റി മാറ്റിവച്ചിട്ടുള്ളത്.
ഇത്തവണത്തെ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ, ഷോർട് ഹജ് പട്ടികയിലെ തീർഥാടകരുടെ എണ്ണം 13,000 ന് മുകളിലാണ്. നറുക്കെടുപ്പ് നടത്താതെ, ഇവർക്കെല്ലാം അവസരം നൽകാനാണ് കേന്ദ്രത്തിന്റെ ആലോചന. സാധാരണ ഹജ് തീർഥാടനത്തിന് 40 മുതൽ 48 ദിവസം വരെ ലഭിക്കാറുണ്ട്. ജോലിസ്ഥലത്തു നിന്ന് കൂടുതൽ ദിവസം വിട്ടുനിൽക്കാനും അവധി ലഭിക്കാനും മറ്റുമുള്ള പ്രയാസം കണക്കിലെടുത്താണ് ഷോർട് ഹജ് പാക്കേജ് അവതരിപ്പിച്ചത്. കർമങ്ങളെല്ലാം നിർവഹിച്ച് 20 ദിവസങ്ങൾകൊണ്ട് മടങ്ങിയെത്തുന്നതാണു പദ്ധതി. ഇവർക്ക് വിമാന യാത്രയിലും താമസ ദിവസങ്ങളിലും മാറ്റമുണ്ടാകും.
