കാസർഗോഡ് :- ശബരിമല ക്ഷേത്രത്തിന്റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് തിരുവതാംകൂർ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബികയിലും കാസർഗോഡും പ്രത്യേക പൂജകൾ നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി -നാക്ക് -നാരായം സമർപ്പിച്ച് പൂജ ചെയ്തു. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തൽ. 2018 ൽ നടന്ന ദേവപ്രശ്‌നത്തിലാണ് ദോഷം കണ്ടെത്തിയത്. തുടർന്നാണ് ദേവസ്വം ബോർഡ് പ്രശ്‌ന പരിഹാരം നടത്തുന്നത്.
കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രംഗ പൂജ നടത്തും. തുടർന്നു കണ്ണൂർ എടക്കാട് വിഷ്ണു ക്ഷേത്രത്തിൽ മഹാകാണി തൃശൂർ വടക്കും നാഥാ ക്ഷേത്രത്തിൽ പ്രത്യേക പൂജ എന്നിവ നടത്തും. കൂടൽ മാണിക്യം അടക്കം ഇരുപതോളം ക്ഷേത്രങ്ങളിലും പൂജ നടത്തും. രംഗ പൂജ നടത്തുന്നതിന് മുന്നോടിയായി കാസർകോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്ത കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് അടക്കം ക്ഷേത്രങ്ങളിൽ പൂജക്കായി എത്തി. മണ്ഡല കാലത്തിനു മുൻപ് നിർദേശിച്ചിട്ടുള്ള എല്ലാ പൂജകളും പൂർത്തിയാക്കും.
