ന്യൂഡൽഹി :- കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി സാംപിളുകളിൽ അപകടകരമായ അളവിൽ കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തി. പരിശോധനാ ഫലം സംസ്ഥാനങ്ങൾക്ക് അയച്ചെന്ന് കൃഷിമന്ത്രാലയം അറിയിച്ചു. കാർഷികോൽപന്നങ്ങളിൽ അനുവദനീയമായ കീടനാശിനി അവശിഷ്ടത്തിന്റെ അളവ് "0.1 മില്ലിഗ്രാം/കിലോഗ്രാം" ആയി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) നിശ്ചയിച്ചിട്ടുണ്ട്. 2023-2026 ൽ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള 70,652 സാംപിളുകൾ പരിശോധിച്ചതിൽ 2,223 എണ്ണത്തിൽ കീടനാശിനി അവശിഷ്ടം അനുവദനീയമായതിലും കൂടുതലാണ്. കേരളത്തിൽ നിന്നുള്ള 4,130 സാംപിളുകളിൽ 81 എണ്ണത്തിൽ കീടനാശിനി അപകടകരമായ അളവിൽ കൂടുതലായിരുന്നു.
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പഴം, പച്ചക്കറികൾ എത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള 3,601 സാംപിളുകളിൽ 81ലും കീടനാശിനി അവശിഷ്ടം കൂടുതലായിരുന്നു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികളിലാണ് കൂടിയ അളവിൽ കീടനാശിനി കണ്ടെത്തിയത്. ഛത്തിസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികളിൽ കീടനാശിനികളുടെ സാന്നിധ്യം തീരെയില്ലായിരുന്നു. കേരളത്തിലെ ലാബുകളിൽ നടത്തിയ പരിശോധനകളിൽ ആയിരത്തിലധികം ഭക്ഷ്യ സാംപിളുകളിൽ അമിതമായ അളവിൽ കീടനാശിനി അവശിഷ്ടം കണ്ടെത്തിയതായി കൃഷിമന്ത്രി ടി.സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1,262 ഭക്ഷ്യ സാംപിളുകളിൽ 58 എണ്ണത്തിലും വിഷാംശം കണ്ടെത്തിയെന്നാണു മന്ത്രി പറഞ്ഞത്.
