തിരുവനന്തപുരം :- സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ കുടുംബശ്രീ ഹരിതകർമ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വർഷം 86295.723 മെട്രിക് ടൺ അജൈവ മാലിന്യം ശേഖരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറിയതു വഴി കേരളത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിതകർമസേന കരുത്തു പകർന്നു. 2024-25 സാമ്പത്തിക വർഷം ആകെ 50190 മെട്രിക് ടൺ മാലിന്യമാണ് ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2025-26 സാമ്പത്തിക വർഷം 36106.723 മെട്രിക് ടൺ മാലിന്യം കൂടുതൽ ശേഖരിച്ചു.
സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 4438 യൂണിറ്റുകളിൽ അംഗങ്ങളായ 37481 വനിതകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. ജലാശയങ്ങളിലേക്കും പൊതു നിരത്തുകളിലേക്കും വലിച്ചെറിയപ്പെടാൻ സാധ്യതയുണ്ടായിരുന്ന അജൈവമാലിന്യമാണ് ഇവർ ശേഖരിച്ച് ശാസ്ത്രീയ സംസ്ക്കരണത്തിനായി കൈമാറിയത്. മാലിന്യ സംസ്ക്കരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഹരിതകർമസേന നിർണായക പങ്കു വഹിക്കുന്നു. തരംതരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതു വഴി 11.49 കോടി രൂപയാണ് ഹരിതകർമ സേനയ്ക്ക് ലഭിച്ച വരുമാനം.
മാലിന്യ ശേഖരണവും സംസ്ക്‌കരണവും മികച്ച രീതിയിൽ നടത്തുന്ന യൂണിറ്റുകൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്. കൂടാതെ ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ രംഗത്ത് നാനൂറിലേറെ സൂക്ഷ്മസംരംഭങ്ങളും പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയിൽ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകർമ സേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമസേനയുടെ രൂപീകരണം.
