തിരുവനന്തപുരം :- ക്യാൻസറിനെതിരെ ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ശക്തമായ പ്രതിരോധം തീർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ. തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ഇന്റർനാഷണൽ കൺവർജൻസ് ഓൺ കോ - ഓപ്പറേറ്റീവ് ഓങ്കോളജി' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് അപൂർവമായി മാത്രം കണ്ടിരുന്ന ക്യാൻസർ രോഗം ഇന്ന് സമൂഹത്തിൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ക്യാൻസറിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്നത് പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'കോ-ഓപ്പറേറ്റീവ് ഓങ്കോളജി' എന്ന വിഷയം ആസ്പദമാക്കി നടന്ന ഏകദിന സമ്മേളനത്തിലെ ചർച്ചകളും ഉയർന്നുവന്ന ആശയങ്ങളും ഈ മേഖലയിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണം. ആയുർവേദത്തിന്റെ സാധ്യതകൾ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ക്യാൻസറിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
