മയ്യിൽ: കേന്ദ്ര സർക്കാരിന്റെ ‘നശാ മുക്ത് ഭാരത് അഭിയാൻ’, ‘മിഷൻ സ്പന്ദൻ’, കേരള സർക്കാരിന്റെ ‘തൂഫാൻ’ എന്നിവയോടനുബന്ധിച്ചും, ബ്രഹ്മകുമാരീസ് പ്രസ്ഥാനത്തിൻ്റെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന പത്ത് കോടി പേരുടെ ലഹരി വിമുക്തി പ്രതിജ്ഞാ മഹാക്യാമ്പയിന്റെ ഭാഗമായി മയ്യിൽ ബ്രഹ്മകുമാരീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ലഹരി വിമുക്തി പ്രതിജ്ഞയെടുത്തു.
ഓഗസ്റ്റ് 4-ന് മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തുടർച്ചയായി, ഓഗസ്റ്റ് 6 മുതൽ 20 വരെയാണ് രാജ്യവ്യാപകമായി ഈ ക്യാമ്പയിൻ നടക്കുന്നത്.
മയ്യിൽ പഴയാശുപത്രിയിലെ ബ്രഹ്മകുമാരീസ് സൗപർണിക ഹാളിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കോർഡിനേറ്റർ ബി.കെ. സബിത ദീതി ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും പായസദാനവും പ്രസാദവിതരണവും നടന്നു. റിട്ടയേർഡ് സുബേദാർ മേജർ ടി.വി. രാധാകൃഷ്ണൻ, ഡോ. ബാബു പണ്ണേരി, മോഹനൻ കാരക്കീൽ, വനജ വേളം, പ്രിയ ബഹൻ, ശാന്തി ബഹൻ തുടങ്ങിയവർ സംസാരിച്ചു.
