കണ്ണൂരിലെ ഓണം വാരാഘോഷ പരിപാടികള്‍ സമാപിച്ചു


കണ്ണൂർ :- കലയും സംഗീതവും നൃത്തനൃത്യങ്ങളും വര്‍ണക്കാഴ്ചകളും സമ്മാനിച്ച് കണ്ണൂരിലെ ഓണം വാരാഘോഷ പരിപാടികള്‍ക്കു പ്രൗഢോജ്വല സമാപനമായി. വൈവിധ്യമാര്‍ന്ന കലാവിരുന്നുകളായിരുന്നു സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്ന് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ആഗസ്റ്റ് 22 മുതല്‍ 30 വരെയുള്ള വൈകുന്നേരങ്ങളില്‍ കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാ സംഗീത പരിപാടികള്‍ കണ്ണൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആസ്വാദ്യകരമായിരുന്നു. പ്രശസ്ത ബാന്‍ഡുകളെയും ട്രൂപ്പുകളെയും അണിനിരത്തിയതിനൊപ്പം പ്രാദേശിക കലാകാരന്‍മാര്‍ക്ക് മികച്ച അവസരം നല്‍കാനും ഓണം വാരാഘോഷത്തിലൂടെ സാധിച്ചു. ഏറെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ വാരാഘോഷത്തിലെ മികച്ച ജനപങ്കാളിത്തം. 

ഇന്ന് ഞായറാഴ്ച വൈകുന്നേരം നടന്ന വാരാഘോഷ സമാപനച്ചടങ്ങ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ പി ഇന്ദിര, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഢി, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനച്ചടങ്ങിനോടനുബന്ധിച്ച് കലാമണ്ഡലം അഭിജോഷ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത്, അല്‍ഫോന്‍സ് ജോസഫിന്റെ മ്യൂസിക്കല്‍ നൈറ്റ്, വിവിധ പ്രാദേശിക കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ഓണം വാരാഘോഷം മികച്ച വിജയമാക്കിയ കണ്ണൂരിലെ ജനങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി...


Previous Post Next Post