ഇക്കുറി സദ്യയുടെ രുചി കുറയും; കുതിച്ചുയർന്ന് പച്ചക്കറിവില, ഓണമടുക്കുംതോറും വില കൂടുന്നു


കണ്ണൂർ :- റോക്കറ്റ് കുതിക്കും പോലെയാണ് പച്ചക്കറിക്കും പഴങ്ങൾക്കും വിലകയറുന്നത്. ഇന്നു വാങ്ങിയ വിലയല്ല നാളെ. ഓണമടുക്കുംതോറും വില കൂടി വരുന്നതിനാൽ ഇക്കുറി സദ്യയുടെ രുചി കുറയുമെന്നാണ് ആശങ്ക. പഞ്ചസാരയ്ക്കും വില കൂടുന്നതിനാൽ പായസത്തിനു മധുരം കുറയ്ക്കേണ്ടിവരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് വർധനയുണ്ടായത് 8 മുതൽ 30 രൂപ വരെ. കണ്ണൂർ നഗരത്തിൽ മുരിങ്ങയും കാരറ്റും വിലയിൽ സെഞ്ചറി പിന്നിട്ടു. 

നേരത്തെ സുലഭമായിരുന്ന വയനാടൻ കായയുടെ വരവ് ജില്ലയിൽ കുറഞ്ഞു. ജില്ലയിൽ ഇപ്പോഴെത്തുന്ന മേട്ടുപ്പാളയം കായയുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 10 കോടിയുടെ കൃഷിനാശമാണ് കാലവർഷത്തിൽ ഇതുവരെയുണ്ടായത്. മലയോരത്തെ ഭൂരിഭാഗം കൃഷിയും നശിച്ചു. ഇതോടെ നാടൻ പച്ചക്കറിയും കിട്ടാതായി. പച്ചക്കറി ലോഡ് അടുത്തിടെ ജില്ലയിലെത്തുന്നത് കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഓണമടക്കുന്നതോടെ പച്ചക്കറി വില ഇനിയും കൂടുമെന്നാണ് വിപണി നൽകുന്ന സൂചന.

Previous Post Next Post