കൊച്ചി :- ആകാശത്തുവെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് മലയാളി യുവാവ്. കൊലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികർ ചേർന്ന് പിടികൂടി സി ഐ എസ് എഫിന് കൈമാറി. എമർജൻസി പാനലിലെ വിൻഡോ പാനലിലെ ഒരു പാളി അടിച്ച് പൊട്ടിച്ച ജംഷീർ, എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. സഹയാത്രികർ യുവാവിനെ കീഴ്പ്പെടുത്തിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്യാൻ ഏതാണ്ട് അരമണിക്കൂർ ശേഷിക്കെയാണ് നാടകീയ സംഭവം ഉണ്ടായത്. വിമാനത്തിന്റെ എമർജൻസി വിൻഡോ സൈഡിലിരുന്ന യുവാവാണ് പരാക്രമം കാണിച്ചത്. സഹയാത്രികർ കീഴ്പ്പെടുത്തിയ യുവാവിനെ സിഐഎസ്എഫിനെ ഏൽപ്പിച്ചു. തുടർന്ന് സിഐഎസ്എഫ് ജംഷീറിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തിൽ യുവാവ് പരാക്രമം നടത്താനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
