കണ്ണൂർ: തിരുവോണത്തോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലെ തെരുവോര വിപണികളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വഴിയോര കച്ചവടത്തിനെത്തിയത്. വിപണികളിൽ കച്ചവടം പൊടിപൊടിച്ചെങ്കിലും, അർദ്ധരാത്രിയോടെ ജനത്തിരക്കൊഴിഞ്ഞ് കച്ചവടക്കാർ സ്ഥലം കാലിയായപ്പോൾ നഗരത്തിൽ ബാക്കിയായത് വൻതോതിലുള്ള മാലിന്യങ്ങളായിരുന്നു.
എന്നാൽ, തിരുവോണത്തിന് കണ്ണൂരിലെത്തുന്ന ജനങ്ങൾക്ക് മാലിന്യമില്ലാത്ത ഒരു നഗരം സമ്മാനിക്കുന്നതിനായി മേയറുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും കൈമെയ് മറന്ന് കഠിനധ്വാനം ചെയ്ത് അർദ്ധരാത്രിയോടെ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തു.
ശുചീകരണ യജ്ഞത്തിൽ മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്ക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി.കെ. മുഹമ്മദലി, കൗൺസിലർമാരായ പ്രദീപ്, റഫ്ന, ഉഷ, ഫസ്ലിം, ഷബീർ, അർഷാദ്, നിസാമി, അനിൽകുമാർ, പുരുഷോത്തമൻ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
