ടി.കെ.ഡി മുഴപ്പിലങ്ങാട് നിര്യാതനായി



കണ്ണൂർ:-പ്രശസ്ത സാഹിത്യകാരനും കലാ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് (തൈക്കണ്ടി കുന്നുമ്പ്രത്ത്  ദാമോദരൻ - 80) നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്ച മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ഹൈവേ റോഡിൽ വെച്ച് വാഹനം തട്ടി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥാകൃത്ത്, നോവലിസ്റ്റ്, കവി, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, നാടക രചയിതാവും സംവിധായകനും, പത്രാധിപർ, പ്രസാധകൻ, പ്രഭാഷകൻ, കലാ പരിശീലകൻ,  മേക്കപ്പ്മാൻ തുടങ്ങി സർവ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ.ഡി വിവിധ ഇനങ്ങളിലായി നൂറോളം  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

തുറമുഖ വകുപ്പിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് പിന്നീട് റവന്യൂ വകുപ്പിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാഹിത്യം തന്റെ മുഴുസമയ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.പതിനേഴാം വയസ്സിൽ എഴുതിത്തുടങ്ങിയ ടി.കെ. ഡിയുടെ വിവിധ നാടകങ്ങൾ ആകാശവാണിയിലും ദൂരദർശനിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.

പരേതരായ കണ്ണച്ചാങ്കണ്ടി ശങ്കരന്റെയും ടി.കെ കല്യാണിയുടെയും മകനാണ്. 

ഭാര്യ: പരേതയായ ഉഷ. മക്കൾ: ശ്രീജിത് പ്രസാദ്, ശ്രിസംഗീത, ശ്രീഷിത. 

ഭൗതികശരീരം ഇന്ന് ഉച്ചക്ക് മഠം ബീച്ച് റോഡിലെ  ശ്രീസംഗീത വീട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.



Previous Post Next Post