റബീഉൽ അവ്വൽ വരവായി; മണ്ണിലും മനസിലും പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങി


കൊളച്ചേരി :- തിരുനബി(സ)യുടെ പവിത്രമായ ഓർമകൾ പൂത്തുലയുന്ന പുണ്യമാസത്തിന് ആവേശഭരിതമായ വരവേൽപ്പ് നൽകി വിശ്വാസിലോകം. പ്രവാചക പ്രകീർത്തനങ്ങളുടെയും മദ്ഹ് ഗീതങ്ങളുടെയും പുണ്യഈണങ്ങൾ മണ്ണിലും മനസ്സിലും ഇനി ഒരുപോലെ പെയ്തിറങ്ങും. വാക്കുകൾക്കും വർണ്ണനങ്ങൾക്കും അതീതമായ പ്രവാചകാനുരാഗം നെഞ്ചിലേറ്റി, നാടും നഗരവും ഇനി പ്രകീർത്തന കാവ്യങ്ങളാൽ ധന്യമാകും.

​വീടുകളിലും മസ്ജിദുകളിലും പ്രത്യേക മൗലിദ് സദസ്സുകളും പ്രവാചക പ്രകീർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിരുനബി സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന ആത്മീയ, സാംസ്കാരിക, പരിപാടികളാണ് റബീഅ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുക. പ്രവാചകചര്യകൾ ജീവിതത്തിൽ പകർത്തുന്ന സ്നേഹസന്ദേശങ്ങൾ പങ്കുവെച്ചും ഈ പുണ്യമാസത്തെ അർഥപൂർണ്ണമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. സംസ്ഥാനത്തുടനീളം അതിവിപുലമായ പരിപാടികളാണ് റബീഉൽ അവ്വലിന്റെ ഭാഗമായി സംഘടിപ്പിക്കുക. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന മൗലിദ് സദസ്സുകളാണ് ഇതിൽ ശ്രദ്ധേയം. മാസപ്പിറവി ദൃശ്യമായതൊടെ പള്ളികൾ കേന്ദ്രീകരിച്ചുള്ള മൗലിദ് പാരായണങ്ങൾക്ക് തുടക്കമായി. മഗ്‌രിബ് നിസ്കാരശേഷം നടക്കാറുള്ള സദസ്സുകളിൽ ഭക്തിനിർഭരമായ മനസോടുകൂടി വിശ്വാസികൾ ഒത്തചേർന്ന്, മൗലിദ് പാരായണത്തിനും പ്രാർത്ഥനകൾക്കും ശേഷം മധുരം വിതരണം ചെയ്യും.

​തിരുനബി(സ)യുടെ പുണ്യപ്പിറവി സംഭവിച്ചത് റബീഅ് അവ്വൽ 12 നാണ് ആഘോഷങ്ങളുടെ പ്രധാന ദിനം. അന്ന് സുബ്ഹിയോടടുത്ത സമയം പള്ളികളിൽ പ്രത്യേക മൗലിദ് സദസ്സുകൾ നടക്കും. ഇതിനുപുറമെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ചും നബിദിന ആഘോഷങ്ങൾ സജീവമായി നടക്കും. നബിദിനഘോഷയാത്രകളും നടക്കും. ദഫ്, സ്കൗട്ട് വിദ്യാർത്ഥികളുടെ അകമ്പടിയോടെ റാലി നടക്കും. പുണ്യമാസത്തെ വരവേൽക്കാൻ ആഗോളതലത്തിലും വിശ്വാസികൾ സജ്ജരായിക്കഴിഞ്ഞു. യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ മീലാദുനബി ദിനത്തിൽ പൊതു അവവധി നൽകിവരാറുണ്ട്. യു.എ.ഇ, ഒമാൻ മതകാര്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പള്ളികൾ കേന്ദ്രീകരിച്ച പ്രവാചകസന്ദേശ പ്രഭാഷണങ്ങൾ, ഖുർആൻ പാരായണ മത്സരങ്ങൾ,പ്രാർത്ഥന സദസ്സുകൾ എന്നിവ പ്രത്യേകമായി സംഘടിപ്പിക്കും.

Previous Post Next Post