കൊളച്ചേരി :- ഓണാഘോഷത്തിൽ ലഹരിക്കെതിരായ ശക്തമായ പോരാട്ടവേദി തീർത്ത് അശോകൻ മടപ്പുരക്കൽ. പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് വായനശാലയുടെ സജീവ പ്രവർത്തകൻ കൂടിയായ അശോകൻ അവതരിപ്പിച്ച നാടകം ഏറെ ശ്രദ്ധേയമായി. ഓണാഘോഷങ്ങളുടെ തിരക്കുകൾക്കും ആഹ്ലാദങ്ങൾക്കുമിടയിലാണ് തന്റെ ഏകാങ്ക നാടകത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുന്നത്. മയക്കുമരുന്നിന്റെയും ലഹരിയുടെയും അടിമകളാകുന്ന വ്യക്തികളുടെ ദുരന്തപൂർണ്ണമായ ജീവിതവും, അത് സമൂഹത്തിന് ഉയർത്തുന്ന ഭീഷണികളുമാണ് നാടകം വരച്ചുകാട്ടുന്നത്.
ലഹരിമൂലം തകർന്നുപോകുന്ന കുടുംബങ്ങളുടെയും അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും തീരാനഷ്ടങ്ങളും കണ്ണീരും കാണികളെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിലാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ആവേശത്തിൽ മുഴുകിനിൽക്കുന്ന ജനങ്ങളെ പെട്ടെന്ന് ഇരുത്തിച്ചിന്തിപ്പിക്കാനും, യുവതലമുറയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാനും കലാവിഷ്കാരത്തിന് സാധ്യമായിട്ടുണ്ട്. ഇതുകൂടാതെ കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓണാഘോഷ വേദികളിലും അശോകൻ സമാനമായ രീതിയിൽ നാടകം അവതരിപ്പിച്ച് കലയെ സാമൂഹിക പ്രതിബദ്ധതയുടെ ഉപാധിയാക്കി മാറ്റുകയാണ്.
