തിരുവനന്തപുരം :- ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.
ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ-പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ ഉണ്ടായിരിക്കും. ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.
