KSRTC ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയനാട് സ്വദേശി പിടിയിൽ


കോഴിക്കോട് :- കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെയോടെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്‌ച പാലക്കാട് -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽവെച്ചാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന വിനീത് ദേഹത്ത് സ്പ‌ർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. തുടർന്ന് ഇവർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിക്കാരി ഇയാളുടെ ഫോട്ടോ പൊലീസിന് കൈമാറിയിരുന്നു. ഈ ഫോട്ടോ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വിനീതിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിനീതിനെ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ നടത്തി. ഇത്തരം സംഭവങ്ങളിൽ പരാതി നൽകാൻ മടിക്കരുതെന്നും ഉടൻ പൊലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു

Previous Post Next Post