സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കണ്ടെത്താനൊരുങ്ങി MVD ; സെൻസസ് നടത്തുമെന്ന് മന്ത്രി സി.പി ജോൺ


കോഴിക്കോട് :- സംസ്ഥാനത്ത് എത്ര വാഹനങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നുവെന്നു കണ്ടെത്താൻ മോട്ടർ വാഹനവകുപ്പ് വാഹന സെൻസസ് നടത്തുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു. സംസ്ഥാനത്ത് ആകെ 1.92 കോടി വാഹനങ്ങളുണ്ടെന്നാണു കണക്ക്. പുക പരിശോധിക്കാൻ വരുന്ന വണ്ടികൾ 1.10 കോടിയാണ്. ഇതടക്കം ആകെ 1.25 കോടി വാഹനങ്ങളെങ്കിലും കേരളത്തിൽ ഓടുന്നുണ്ടെന്നാണു കരുതുന്നത്. കേരളത്തിൽ 2 പേർക്ക് ഒരു വണ്ടിയെന്ന നിരക്കിലാണ് ഒന്നേകാൽ കോടി വാഹനങ്ങളുള്ളത്. ഇതിൽ 50 ലക്ഷത്തോളം വാഹനങ്ങൾ ഉപയോഗശൂന്യമാണ്. ഈ വാഹനങ്ങൾ പൊളിച്ചുവെന്ന് ഉറപ്പാക്കണമെന്നും ഇതിനായാണു വാഹന സെൻസസ് തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

സാക്ഷരത മിഷൻ മാതൃകയിൽ വിദ്യാലയങ്ങളിൽ ഗതാഗത സാക്ഷരത മിഷനു തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു. ചെറിയ ക്ലാസ് മുതൽ 'സേഫ് റോഡ് ക്യാംപെയ്ൻ' തുടങ്ങും. വിവിധ രാജ്യങ്ങളിൽ ട്രാം സർവീസുകൾ തിരികെ വരുന്നുവെന്ന എൻഐടി വിദഗ്ധരുടെ റിപ്പോർട്ട് ശ്രദ്ധേയമാണ്. റോഡിൽ ചെറിയ മാറ്റം വരുത്തി ട്രാമുകൾ ഓടിക്കാം. ദേശീയപാത നവീകരണം വന്നതോടെ പ്രധാന പാതയിൽ നിന്നു വിട്ടുനിൽക്കുന്ന തലശ്ശേരി പോലുള്ള നഗരങ്ങളിൽ ട്രാം തുടങ്ങാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post