സീബ്രാ ക്രോസിംഗുകളിലെ നിയമലംഘനം ; സംസ്ഥാനത്ത് 5 ദിവസം കൊണ്ട് 2,50,631 രൂപ പിഴ ചുമത്തി, സ്പെഷ്യൽ ഡ്രൈവുമായി കേരള പോലീസ്


തിരുവനന്തപുരം :- സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം 'വൈലൈൻ ലൈഫ്ലൈൻ' എന്ന പേരിൽ കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 55,207 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 1038 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതൽ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

ഈ കാലയളവിൽ സംസ്ഥാന വ്യാപകമായി കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യൽ ഡ്രൈവ്. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന ജംഗ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാൽനട ഇടനാഴികളിലും എൻഫോഴ്സസ്മെന്റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാൽനട യാത്രക്കാർ റോഡ് മറികടക്കുമ്പോൾ വേഗത കുറയ്ക്കാത്ത വാഹനങ്ങൾ, അമിത വേഗതയിൽ വാഹനമോടിക്കൽ, കാൽനടയാത്രക്കാർക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചു.

സീബ്ര ക്രോസിഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സമാനമായ സ്പെഷ്യൽ ഡ്രൈവുകൾ തുടരുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സസ്മെന്റ് 32 യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്പെഷ്യൽ ഡ്രൈവ്. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.

Previous Post Next Post