മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിൻ്റെ ഗൃഹപ്രവേശനം പാടിക്കുന്നിൽ നടന്നു. കൊളച്ചേരിപ്പറമ്പിലെ ബിന്ദു - ബാബുരാജ് ദമ്പതികൾക്കുള്ള വീടിൻ്റെ താക്കോൽ കൈമാറ്റവും ഉദ്ഘാടനവും ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണർ ടൈറ്റസ് തോമസ് നിർവഹിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.കെ പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹോം ഫോർ ഹോംലസ്സ് ജില്ലാ കോർഡിനേറ്റർ സിദ്ദിഖ് ഹാജി മുഖ്യാതിഥിയായി.
ലയൺസ് ക്ലബ്ബിൻ്റെ 'വീടില്ലാത്തവർക്ക് ഒരു വീട്' പദ്ധതി പ്രകാരം മയ്യിൽ ലയൺസ് ക്ലബ്ബ് പരിധിയിലെ മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിലെ നിർധനരായ കുടുംബങ്ങളിൽ നിന്നും അപേക്ഷകൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുത്ത കൊളച്ചേരിറമ്പിലെ ദമ്പതികൾക്കാണ് പാടിക്കുന്നിലെ നാലുസെൻ്റ് ഭൂമിയിൽ സ്വപ്‌നവീട് യാഥാർത്ഥ്യമാക്കിയത്. തറക്കല്ലിട്ട് ആറുമാസം കൊണ്ട് മുഴുവൻ പണികളും പൂർത്തിയാക്കി. രണ്ടുവർഷം മുൻപാണ് കണ്ടക്കൈയിൽ നിർധന കുടുംബത്തിന് ആദ്യ വീട് നൽകിയത്. ഇനി ഈ കുടുംബം മക്കളായ ശ്രദ്ധയ്ക്കും ശ്രേയയ്ക്കുമൊപ്പം പാടിക്കുന്നിലെ പുതിയവീട്ടിൽ താമസിക്കാം.
പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ് സ്നേഹവീട് സമ്മാനിച്ചതിന് വീട്ടുടമ ബിന്ദു സംസാരിച്ചു. വീട്ടിൽ എത്തിയ എല്ലാവർക്കും സദ്യയും ഒരുക്കിയിരുന്നു. ബിന്ദുവിൻ്റെയും ബാബുരാജിൻ്റെയും കുടുംബങ്ങളും സുഹൃത്തുകളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഹോം ഫോർ ഹോംലസ്സ് സബ് കമ്മിറ്റി കൺവീനർ കെ.പി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യിൽ, കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ.രമേശൻ, ഒ.ദിനേശൻ, ഹോം ഫോർ ഹോംലസ്സ് സബ് കമ്മിറ്റി ചെയർമാൻ പി.കെ നാരായണൻ, മറ്റ് ഭാരവാഹികളായ എ.കെ രാജ് മോഹൻ, പി.രാധാകൃഷ്ണൻ, പി.കെ ശശി നമ്പ്യാർ, പി.പി കൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ ഉല്ലാസൻ തുടങ്ങിയവർ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തു.
